പ്രൊഫ. എസ്. ശിവദാസ്
ചിലര്‍ക്കു
പഠിക്കാന്‍ മടി. ചിലര്‍ക്കോ പഠിക്കാന്‍ നേരമില്ല. ടിവി കണ്ടുകഴിഞ്ഞ് , വിശ്രമവും
കഴിയുമ്പോള്‍ ഉറക്കം വരുന്നു എന്നു പരാതി. ചിലരോ വീട്ടിലെ സൗകര്യങ്ങള്‍ കുറവാണ്
എന്നും പരാതി പറയും. എനിക്കു പണമില്ല, എന്റെ വീടു ചെറുതാണ്, എനിക്കു
സുഖസൗകര്യങ്ങള്‍ പോരാ, എനിക്കു കാറില്ല, എന്റെ സ്‌കൂള്‍ മോശമാണ്.... ഇങ്ങനെ ഓരോരോ
ഒഴിവുകഴിവുകള്‍ പറയുന്നതും ഫാഷനാണ്. അങ്ങനെയൊക്കെ പരാതി പറയുകയും പഠനം നന്നായി നടത്താതെ ജീവിതം പരാജയമാക്കുകയും ചെയ്യുന്നവരെല്ലാം അറിയേണ്ട ഒരു കഥയാണ് മുകേഷിന്‍െറ കഥ.
മലമ്പുഴ അടുപ്പുകോളനിയിലെ താമസക്കാരനാണ് മുകേഷ്. അഞ്ചാംക്ലാസുകാരന്‍. അവന്റെ അച്ഛന് ആസ്‌ത്‌മ. പണിചെയ്യാന്‍ വയ്യ. അമ്മയ്‌ക്കോ വായില്‍ കാന്‍സര്‍. അര്‍ബുദം. രോഗം കൂടി. ഇടതുഭാഗം പഴുത്തുപുഴുവരിക്കുന്ന മുറിവുമായി നരകയാതന അനുഭവിക്കുകയാണ് അമ്മ വെള്ളച്ചി. മുകേഷ് അമ്മയെ താങ്ങിപ്പിടിച്ചിരുത്തും. മുറിവു കഴുകി വൃത്തിയാക്കും. പിന്നെ ഭക്ഷണം വാരിക്കൊടുക്കും. എന്നിട്ട് സ്‌കൂളിലേക്ക് ഓടും. ക്ലാസിലിരുന്നു പഠിക്കും. ഒഴിവുദിവസം എസ്‌റ്റേറ്റില്‍ കൂലിപ്പണിക്കു പോകും. കിട്ടുന്ന കൂലി അച്ഛനെ ഏല്‌പിക്കും. അതാണ് വീട്ടുചെലവിനുള്ള ഒരേയൊരു വരുമാനം. അമ്മയ്‌ക്ക് രോഗം കലശലാണ്. ഇടയ്‌ക്ക് നാട്ടുകാര്‍ പിരിവെടുത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. പക്ഷേ ദാരിദ്ര്യംമൂലം ചികിത്‌സ പൂര്‍ത്തിയാക്കാതെ വെള്ളച്ചി തിരിച്ചുപോന്നു. ഇൗ കഷ്‌ടപ്പാടുകള്‍ക്കിടയിലും മുകേഷ് പഠിക്കുന്നു- മലമ്പുഴ സര്‍ക്കാര്‍ സ്‌കൂളില്‍. പഠിക്കാന്‍ മിടുക്കനുമാണ് അവന്‍. കണ്ടോ ഒരു കുട്ടി കഷ്‌ടപ്പെട്ടും പഠിക്കുന്നത്. അവന്‍ പഠിച്ചു വിജയിക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. അവന്റെ പഠനത്തോടുള്ള സമര്‍പ്പണബോധം മാതൃകയുമാക്കാം. പഠിച്ചു വിജയിക്കാന്‍ വേണ്ടത് സൗകര്യങ്ങളല്ല, ഇച്ഛാശക്തിയാണ്. അടക്കാനാകാത്ത ആഗ്രഹം.
തീവ്രമായ ആഗ്രഹം. വിജയത്തിനുള്ള ശക്തമായ അഭിലാഷം. അതുണ്ടായാല്‍ ആരും പഠിക്കും. വിജയിക്കും.
No comments:
Post a Comment